Kerala
തിരുവനന്തപുരം: കേരള-തമിഴ്നാട് അതിര്ത്തിയിലെ പത്തുകാണിയിലും പരിസരപ്രദേശങ്ങളിലുമുള്ള ആദിവാസി മേഖലകളില് കാട്ടാന ശല്യം രൂക്ഷമാകുന്നു. വനമേഖലയ്ക്ക് പുറത്തും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി കാട്ടാനക്കൂട്ടം വന്തോതില് കൃഷി നശിപ്പിക്കുന്നത് മലയോരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച പുലര്ച്ചെ കല്ലറവയല് ആദിവാസിമേഖലയിലിറങ്ങിയ കാട്ടാനകള് കമുക്, തെങ്ങ് തുടങ്ങിയ നിരവധി വിളകള് വ്യാപകമായി പിഴുതെറിഞ്ഞു. പ്രദേശവാസിയായ കൃഷ്ണന്കാണിയുടെ തോട്ടത്തിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്.
കഴിഞ്ഞ രാത്രി മേലേക്കട്ടുവാ ഭാഗത്തുനിന്നെത്തിയ കാട്ടാനക്കൂട്ടം കമുക്, കുരുമുളക് തുടങ്ങിയ ആദായവിളകളും പൂര്ണ്ണമായി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്ഷമായി പ്രദേശത്ത് കാട്ടാനശല്യം അസഹനീയമായി തുടരുകയാണെന്ന് നാട്ടുകാര് ചൂണ്ടിക്കാണിക്കുന്നു.
District News
തിരുവമ്പാടി: ആനക്കാംപൊയിൽ തേൻപാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ തേൻപാറ മഠത്തിൽ സിബി ജോസഫിന്റെ വീടിന് സമീപമെത്തിയ കാട്ടാന തൊടിയിലെ വാഴ, കമുങ്ങിൻ തൈകൾ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു.
പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര, മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് പൂക്കാട്ട്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് പി.ജെ. തങ്കച്ചൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചു.
District News
നിലന്പൂർ: മൂലേപ്പാടത്ത് കാട്ടാന വ്യാപകമായി റബർതൈകൾ നശിപ്പിച്ചു. മൂലേപ്പാടം പുറത്താനക്കുത്തിയിൽ സണ്ണിയുടെ 250 ലധികം റബർ തൈകളാണ് കാട്ടാന നശിപ്പിച്ചത്. കൃഷിയിടത്തിലെ തെങ്ങുകളും നശിപ്പിച്ചു. ഈ വർഷം പ്ലാന്റ് ചെയ്ത റബർതൈകളാണ് നശിപ്പിച്ചത്.
പുലർച്ചെ ടാപ്പിംഗ് നടത്താനിറങ്ങിയ സണ്ണി തന്റെ റബർ തൈകൾ നശിപ്പിക്കുന്നതു കണ്ട് കാട്ടാനയെ ബഹളം വച്ച് ഓടിച്ച ശേഷം ടാപ്പിംഗിനായി പോയ സമയത്താണ് കാട്ടാന വീണ്ടും ഈ ഭാഗത്തെത്തി തൈകൾ നശിപ്പിച്ചത്.
പെരുവന്പാടം തേക്ക് പ്ലാന്റേഷനിൽ നിലയുറിപ്പിച്ചിരിക്കുന്ന മോഴയാനയാണ് തന്റെ റബർ തൈകൾ നശിപ്പിച്ചതെന്ന് സണ്ണി പറഞ്ഞു. മൂലേപ്പാടത്ത് വനം വകുപ്പ് രാത്രി പട്രോളിംഗ് നടത്തുന്ന സമയത്താണ് എടക്കോട് വനം സ്റ്റേഷൻ പരിധിയിൽപ്പെട്ട പ്രദേശത്ത് കാട്ടാന കൃഷി നാശം വിതച്ചത്.
District News
എടക്കര: ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച പ്രദേശം കർഷക സംഘം ഭാരവാഹികൾ സന്ദർശിച്ചു.
ചോളമുണ്ട ചുള്ളിക്കുളവൻ റഫീഖിനെയാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്. പ്രദേശത്ത് നിരന്തരമായി വന്യജീവി ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കർഷക സംഘം ജില്ല എക്സിക്യൂട്ടീവ് എ.ടി. റെജി, ഏരിയ സെക്രട്ടറി വി.കെ. ഷാനവാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എ. ചന്ദ്രൻ, വി.ജെ. ജോസഫ്, ലോക്കൽ സെക്രട്ടറി പനോലൻ ബഷീർ, വി.വൈ. ജംഷീർ, കെ. വേണുഗോപാൽ, ടി. ശറഫുദീൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
Kerala
തൃശൂർ: അതിരപ്പിള്ളിയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. മുനിത്തടം ഭാഗത്താണ് ആന ചരിഞ്ഞത്.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അവശനിലയിൽ പ്ലാന്റേഷൻ മേഖലയിൽ ആനയെ കണ്ടത്. വനം വകുപ്പ് ചികിത്സ നൽകി വരുന്നതിനിടയിലാണ് ആന ചരിഞ്ഞത്.
District News
കൊട്ടിയൂർ: അമ്പായത്തോട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. താഴെപ്പാൽ ച്ചുരം റോഡിലെ കിഴക്കയിൽ ജോയമ്മയുടെ വീട്ടു മതിൽ തകർത്ത കാട്ടാന കാർഷിക വിളകളും നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് കാട്ടാന പ്രദേശത്ത് എത്തിയത്.
വീടിന്റെ മതിൽ തകർത്ത ശേഷം പരിസരത്തെ കൃഷിയിടത്തിലേക്ക് കടന്ന ആന നിരവധി കാർഷിക വിളകൾ നശിപ്പിച്ചാണ് മടങ്ങിയത്. കാട്ടാന ജനവാസമേഖലയിൽ വീണ്ടും ഇറങ്ങുന്നത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
കാട്ടാനയെ പിടികൂടാൻ നടപടി ഊർജിതമാക്കണം: കെസിവൈഎം
ശാന്തിഗിരി: കഴിഞ്ഞദിവസം പ്രദേശത്ത് ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടാനയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിമൽ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.
വസ്തുവകകൾക്കും കൃഷിക്കും നാശനഷ്ടം വരുത്തിയ വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് തയാറാകാത്തത് പ്രതിഷേധാർഹമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രദേശം സന്ദർശിച്ച് നാശനഷ്ടങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ മുൻകൈയെടുക്കണം. പ്രദേശത്ത് ആനമതിൽ നിർമാണം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
മാനന്തവാടി: തൃശിലേരി മുത്തുമാരിയില് കാട്ടാന വീടും ശുചിമുറിയും തകര്ത്തതിനെത്തുടര്ന്ന് പ്രദേശവാസികളിലുണ്ടായ ആശങ്ക പരിഹരിക്കാന് ഉഷ വിജയന് എംഎല്എയുടെ അധ്യക്ഷതയില് നോര്ത്ത് വയനാട് വനം ഡിവിഷനിലെ എമര്ജന്സി ഓപ്പറേഷന് സെന്ററില് യോഗം ചേര്ന്നു.
ആനയുടെ ആക്രമണത്തില് വാസയോഗ്യമല്ലാതായ വീടിന്റെ പുനര്നിര്മാണം, വന്യമൃഗശല്യ പ്രതിരോധം എന്നീ വിഷയങ്ങള് ചര്ച്ച ചെയ്തു. പഞ്ചായത്ത് എക്സിക്യുട്ടീവ് എന്ജിനിയറുടെ നേതൃത്വത്തില് നാശനഷ്ടങ്ങള് അടിയന്തരമായി വിലയിരുത്താനും പുതിയ വീട് നിര്മിച്ചു നല്കാനും നടപടികള് സ്വീകരിക്കാന് യോഗത്തില് തീരുമാനമായി.
പ്രദേശത്തെ പ്രതിരോധവേലി നിര്മാണം എത്രയും വേഗം പുനരാരംഭിക്കാനും കാവല്ക്കാരുടെ എണ്ണം വര്ധിപ്പിക്കാനും സര്ക്കാരില് സമ്മര്ദം ചെലുത്തുമെന്ന് എംഎല്എ വ്യക്തമാക്കി. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന്, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് കെ. സിജിത്ത്, വാര്ഡ് അംഗം ലിസി ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ബേബി, ടി. വസന്ത കൃഷ്ണന്, ബേഗൂര് ഫോറസ്റ്റ് റേഞ്ച് ഓഫിസര് എസ്. കണ്ണന്, തൃശിലേരി സെക്ഷന് ഫോറസ്റ്റ് ഓഫിസര് കെ.യു. മണികണ്ഠന്, പൊതുപ്രവര്ത്തകരായ കെ. സക്കീര്, റീന ജോര്ജ്, കെ.വി. വസന്തകുമാരി എന്നിവര് പങ്കെടുത്തു.
Kerala
തൃശൂർ: വാൽപ്പാറയിൽ മൃതദേഹം കൊണ്ടുപോയി മടങ്ങുന്നതിനിടെ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം. ഞായറാഴ്ച രാത്രിയാണ് സംഭവം. കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആംബുലൻസിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ആംബുലൻസിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിൽ ആംബുലൻസിന്റെ കണ്ണാടി തകർന്നു. ഞായറാഴ്ച ഉച്ചയോടെ ആണ് അങ്കമാലിയിൽനിന്ന് മൃതദേഹവുമായി ആംബുലൻസ് പുറപ്പെട്ടത്.
വാൽപ്പാറയിൽ എത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി മടങ്ങിവരുന്നതിനിടെ വാൽപ്പാറ ചെക്ക്പോസ്റ്റ് പിന്നിട്ടതിനിടെ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആംബുലൻസിന് മുന്നിൽ ഉണ്ടായിരുന്ന കാട്ടാനയെ ആർആർടി സംഘമെത്തി മാറ്റിയതിന് പിന്നാലെ മറ്റൊരു ആന ആംബുലൻസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
District News
aമുത്തങ്ങ: ദേശീയപാതയില് ബന്ദിപ്പുര വനമേഖലയില് കാട്ടാന ആക്രമണത്തില്നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി വികാരി ഫാ.റെജി പോളും കുടുംബവും.
കഴിഞ്ഞദിവസം വൈകുന്നേരം നാലരയോടെ ഗുണ്ടല്പേട്ടയില്നിന്നു മടങ്ങുന്നതിനിടെയാണ് വൈദികനും കുടുംബവും സഞ്ചരിച്ച കാറിനുനേരേ ആന പാഞ്ഞടുത്തത്. കാറിന് തൊട്ടടുത്ത് എത്തിയ ആന പരാക്രമം കാട്ടിയെങ്കിലും പിന്തിരിഞ്ഞു. ദൈവാധീനം ഒന്നുകൊണ്ടുമാത്രമാണ് ആപത്ത് ഒഴിവായതെന്ന് വൈദികന് പറഞ്ഞു.
മൂന്ന് ആനകള് ദേശീയപാത മുറിച്ചുകടക്കുന്നതുകണ്ട് വാഹനങ്ങള് നിര്ത്തിയിട്ടിരുന്നു. വൈദികന് സഞ്ചരിച്ച വാഹനത്തിന് തൊട്ടുമുന്നില് മറ്റൊരു കാറും അതിനു മുമ്പില് ട്രാവലറുമാണ് ഉണ്ടായിരുന്നത്. ആനകള് വനത്തിലേക്ക് കടന്നപ്പോള് ട്രാവലര് മുമ്പോട്ട് എടുത്തശേഷം നിര്ത്തി. അതിലുണ്ടായിരുന്ന യാത്രക്കാരില് ചിലര് ആനകളുടെ ചിത്രം പകര്ത്തി.
ഈ സമയം ട്രാവലറിന് തൊട്ടുപിന്നിലുണ്ടായിരുന്ന വാഹനം ഓടിച്ചയാള് ഹോണ് മുഴക്കി. ഇതുകേട്ട് റോഡില് തിരിച്ചെത്തിയ ആനകളിലൊന്ന് വൈദികനും കുടുംബവും സഞ്ചരിച്ച കാറിനുനേരേ തിരിയുകയായിരുന്നു. അപ്പോഴേക്കും ട്രാവലറും ഹോണ് മുഴക്കി ആനകള്ക്ക് അലോസരമുണ്ടാക്കിയ വാഹനവും ഓടിച്ചുപോയിരുന്നു.
Kerala
പുല്പ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്പ്പെട്ട കാരക്കണ്ടിയില് ഏറ്റുമുട്ടിയ കൊമ്പനാനകളില് ഒന്ന് ചരിഞ്ഞു. 40 വയസ് മതിക്കുന്ന ആനയാണ് ചരിഞ്ഞത്.
ജഡം വനത്തിലെ ചതുപ്പില് കാരക്കണ്ടി ഊരുനിവാസികളില് ചിലരാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. ഉടന് വനപാലകരെ വിവരം അറിയിച്ചു. കൊമ്പുകോര്ക്കുന്ന ആനകളുടെ അലര്ച്ച തിങ്കളാഴ്ച വൈകുന്നരം ഊരുവാസികള് കേട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ വനത്തില് പരിശോധന നടത്തിയത്.
ചരിഞ്ഞ ആനയുടെ ദേഹത്ത് കുത്തേറ്റ പാടുകളുണ്ട്. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര് എം.കെ. രാജീവ്കുമാര്, പുല്പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് റേഞ്ച് ഓഫീസര് ഗ്രേഡ് എ. നിജേഷ്, സെക്ഷന് ഫോറസ്റ്റ് ഓഫീസര് സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടത്തി. കണ്ണൂരില്നിന്നുള്ള വെറ്ററിനറി സര്ജന് ഇല്ല്യാസിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്ട്ടം.
District News
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി, അയാംകുടി മേഖലയിൽ അഞ്ചംഗ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പഞ്ചായത്തിലെ മികച്ച കർഷകനായി പരിഗണിച്ചിരുന്ന കുന്നിനി സണ്ണിയുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങി ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ഒന്നര ഏക്കറോളം കൃഷി നശിച്ചതിന്റെ ആഘാതത്തിൽനിന്ന് കരകയറും മുന്പാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.150ലേറെ വാഴകളാണ് ആനകൾ നശിപ്പിച്ചത്.
തെങ്ങ്, കശുമാവ്, കമുക്, റബർ, കാപ്പി തുടങ്ങിയ കൃഷികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന കൃഷിയിടത്തിലേക്ക് വീണ്ടും ആനക്കൂട്ടം ഇറങ്ങുമോയെന്ന ആശങ്കയിലാണ് സണ്ണി. ആറളം വന്യജീവി സങ്കേതത്തിൽനിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളാണ് അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം കൃഷിനാശം വിതയ്ക്കുന്നത്.
സണ്ണിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം എടപ്പുഴ മേഖലയിൽ വ്യാപകമായി കൃഷിനശിപ്പിച്ച ആനക്കൂട്ടം തന്നെയാണെന്നാണ് സംശയം.
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനാതിർത്തികളിൽ ഫലപ്രദമായ പ്രതിരോധ സംവിധാനം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
District News
വടക്കാഞ്ചേരി: മുള്ളൂർക്കര പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി ജനവാസമേഖലയിൽ ഭീതിവിതച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചത്. മുള്ളൂർക്കര വാഴക്കോട് വളവ് അത്താണിപ്പറമ്പിൽ വീട്ടിൽ മുസ്തഫയുടെ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങിയത്. തെങ്ങ്, വാഴ തുടങ്ങിയ കാർഷികവിളകൾ പൂർണമായും നശിപ്പിച്ച ആന, കൃഷിയിടത്തിന്റെ മതിലും തകർത്തിട്ടുണ്ട്. ഏറെ തിരക്കേറിയ വാഴക്കോട് - പ്ലാഴി സംസ്ഥാന പാതക്ക് ഏതാനും മീറ്ററുകൾ മാത്രം അകലെ വരെ കാട്ടാന എത്തിയത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
അടുത്തിടെയായി ഈ മേഖലയിൽ നിരന്തരം കാട്ടാന ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വന്യജീവി ഭീഷണികാരണം സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പിനോടും ബന്ധപ്പെട്ട അധികാരികളോടും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പുൽപ്പള്ളി: പഞ്ചായത്തിലെ പൊളന്ന, കുണ്ടുവാടി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം.വാഴ, തെങ്ങ്, കമുക് ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. വനാതിർത്തിയിലെ ട്രഞ്ചും വൈദ്യുതി വേലിയും തകർത്താണ് ആനകൾ കൃഷിയിടത്തിൽ ഇറങ്ങിയത്.
സന്ധ്യ മയങ്ങുന്നതോടെ വനത്തിൽ നിന്ന് ആനകൾ കൂട്ടത്തോടെ കൃഷിയിടത്തിൽ ഇറങ്ങുന്നത് പതിവായിട്ടും ട്രഞ്ചും വൈദ്യുതവേലിയും തകരാർ ആയിട്ടും അത് നന്നാക്കുന്നതിന് ആവശ്യമായ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. സന്ധ്യയാകുന്നതോടെ കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടാനകൾ നേരം പുലർന്നാലും വനത്തിലേക്ക് പോകാത്തത് മൂലം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന ശല്യക്കാരായ ആനകളെ തുരത്തുന്നതിനാവശ്യമായ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
District News
കണമല: കാട്ടാന ഭീതിയിൽ പമ്പാവാലി കാളകെട്ടി. കഴിഞ്ഞ രണ്ടു ദിവസമായി രാത്രിയിലും പുലർച്ചെയും ആനകൾ വനത്തിൽനിന്ന് നാട്ടിലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം കെഎസ്ഇബി ജീവനക്കാരന്റെ ബൈക്ക് ആനകൾ തകർത്തു. ഫോറസ്റ്റ് ഗാർഡ് സ്റ്റേഷന് സമീപം വനാതിർത്തിയിലാണ് ബൈക്ക് പാർക്ക് ചെയ്തിരുന്നത്. ഈ ഭാഗത്ത് ഹാംഗിംഗ് ഫെൻസിംഗ് ആണ് ഉള്ളത്. ഇത് മറികടന്നാണ് ആനകൾ എത്തിയത്.
കാളകെട്ടി ക്ഷേത്രത്തിന് സമീപത്താണ് റോഡിൽ ആനക്കൂട്ടം എത്തുന്നത്. ശബരിമലയിലേക്ക് അയ്യപ്പഭക്തർ കാൽനടമാർഗം സഞ്ചരിക്കുന്നത് ഇതുവഴിയാണ്. മൂക്കൻപെട്ടി പത്തേക്കർ ഭാഗം വരെ ആനകൾ എത്തിയെന്നു പറയുന്നു. ഈ ഭാഗത്തെ ഫെൻസിംഗ് തകരാറുകൾ പരിഹരിക്കുന്ന ജോലികൾ ആരംഭിച്ചെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
District News
മാലോം: ബളാൽ പഞ്ചായത്ത് ആറാം വാർഡ് മാലോം പുല്ലടിയിൽ ഇന്നലെ പുലർച്ചെ കാട്ടാനയിറങ്ങി വ്യാപകമായതോതിൽ കാർഷിക വിളകൾ നശിപ്പിച്ചു.
പുല്ലടിയിലെ വി.എൻ.തങ്കച്ചന്റെ കൃഷി ഭൂമിയിലാണ് കാട്ടാനകൂട്ടം നാശം വിതച്ചത്.കവുങ്ങ്, വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ ആന കൂട്ടം ചവിട്ടി മെതിച്ചനിലയിലാണ്. മുൻപും ആനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു.
Kerala
തൃശൂർ: അതിരപ്പിള്ളി പുളിയിലപ്പാറയിൽ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടമുണ്ടാക്കി. ഇന്ന് പുലർച്ചെ മൂന്നോടെയാണ് പലചരക്ക് കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. മാളിയേക്കൽ പോൾ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയുടെ മുൻവശത്തെ ഷട്ടറും ചില്ലുകളും തകർത്താണ് കൊമ്പൻ അകത്തുകയറിയത്.
കടയ്ക്കുള്ളിൽ നിലയുറപ്പിച്ച ആന അവിടെയുണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുകയും മറ്റ് പലചരക്ക് സാധനങ്ങൾ വലിയ തോതിൽ നശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒന്നേകാൽ മണിക്കൂറോളം കടയ്ക്കകത്ത് തുടർന്ന ആനയെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഒടുവിൽ തുരത്തിയോടിച്ചത്. വാഴച്ചാലിൽ നിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന പാതയിലെ പ്രധാന ജംഗ്ഷനായ പുളിയിലപ്പാറയിലെ ഏക പലചരക്ക് കടയാണ് ഇത്.
District News
കൊട്ടിയൂർ: നെല്ലിയോടിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. നെല്ലിയോടി പൂവ്വക്കുളത്തെ മേരി തോമസിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി നാശം വിതച്ചത്. തെങ്ങ്, ജാതി, കടപ്ലാവ്, കമുക് എന്നിവ ഉൾപ്പെടെയുള്ള വരുമാനദായക കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും ജനങ്ങൾ ഭീതിയിലാ ണെന്നും നാട്ടുകാർ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി കൃഷിനാശം വിലയിരുത്തി. കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
ഗൂഡല്ലൂർ: നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദേവാല മൂന്നാം ബ്ലോക്കിലെ തോട്ടം തൊഴിലാളി ബാലസുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11.45-ഓടെയായിരുന്നു സംഭവം. ഗൂഡല്ലൂർ കരിയ ഷോലയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽവച്ചാണ് ആക്രമണം ഉണ്ടായത്.
ബഹളം കേട്ട് ഓടിയെത്തിയവരാണ് ബാലസുബ്രഹ്മണ്യനെ കാട്ടാന ചവിട്ടിയത് കണ്ടത്. ഉടൻ പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
District News
പുനലൂര്: കിഴക്കന് മേഖലയില് കാട്ടാനശല്യം രൂക്ഷമായതോടെ പ്രദേശവാസികള് ആശങ്കയില്.
\
അജയപ്രസാദ് എംഎല്എ സ്ഥലം സന്ദര്ശിച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടം മേഖലയായ ആനച്ചാടിയില് കാട്ടാനശല്യം രൂക്ഷമായതോടെ പ്രദേശവാസികള് ഭീതിയിലായി. കഴിഞ്ഞ ദിവസം കാട്ടാനകള് കൂട്ടമായി ഇറങ്ങി ആലുംമൂട്ടില് വീട്ടില് ഭാസ്കരന്റെ വീടിന്റെ ഭിത്തികള് ഇടിച്ചു തകര്ത്തു. വീട്ടില് ആളില്ലാതിരുന്നതിനാല് വലിയ അപകടം ഒഴിവായി. അമ്പതിനായിരം രൂപയില് കൂടുതല് നഷ്ടം സംഭവിച്ചു. ആനച്ചാടി അങ്കണവാടിയുടെ പുറക് വശത്തെ കതകും അമ്പനാട് എസ്റ്റേറ്റ് ആനച്ചാടി ഡിവിഷന് തൊഴിലാളിയായ മോഹന്രാജിന്റെ ലയത്തിന്റെ മുറിയുടെ ഭാഗങ്ങളും ഇടിച്ചു തകര്ത്തു. കുറെ നാളുകളായി ഇവിടെ കാട്ടാന ശല്യം തുടരുകയാണ്. കൃഷിനാശവും വ്യാപകമാണ്. സി. അജയപ്രസാദ് എംഎല്എ സ്ഥലം സന്ദര്ശിച്ചു.
ബന്ധപ്പെട്ടവര്ക്ക് നഷ്ടപരിഹാരം നല്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്ക്ക് വനംവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് വി. രമണി, വാര്ഡ് അംഗം പി.ബി. അനില്മോന്, ഡെപ്യൂട്ടി ആര്ഒ. അജയകുമാര് എന്നിവരും സന്ദര്ശക സംഘത്തിലുണ്ടായിരുന്നു.
District News
കൃഷിയും ഫെന്സിംഗും തകര്ത്തു
കോന്നി: കല്ലേലി സ്കൂളിനു സമീപം ജനവാസ മേഖലയില് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരേക്കര് സ്വദേശി താന്നിമൂട്ടില് ഷെമീറിന്റെ കൃഷിയിടത്തിലാണ് കാട്ടാനകള് വന് നാശനഷ്ടം വരുത്തിയത്. വന്യജീവികളില് നിന്ന് കൃഷി സംരക്ഷിക്കുന്നതിനായി ഷെമീര് ഒരു ലക്ഷത്തോളം രൂപ മുടക്കി നിര്മിച്ച സോളാര് ഫെന്സിംഗ് ഉള്പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള് ആനക്കൂട്ടം പൂര്ണമായി തകര്ത്തു.
വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമിട്ട് കടമെടുത്ത് ഇറക്കിയ 350 മൂട് ഏത്തവാഴകളും പത്തു മൂട് കപ്പയും കാട്ടാനകള് പൂര്ണമായും നശിപ്പിച്ചു.പ്രദേശത്ത് വന്യജീവി ശല്യം അനുദിനം രൂക്ഷമാകുന്നതില് നാട്ടുകാരും കര്ഷകരും കടുത്ത ആശങ്കയിലാണ്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് കര്ഷകന് അര്ഹമായ നഷ്ടപരിഹാരം നല്കണമെന്നും, വന്യജീവികള് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതു തടയാന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഒരിടവേളയ്ക്ക് ശേഷം ഹാരിസണ് എസ്റ്റേറ്റില് കൈത കൃഷിയും ആരംഭിച്ചിട്ടുണ്ട്.
District News
രാജാക്കാട്: ചിന്നക്കനാൽ മുത്തമ്മ കോളനിക്ക് സമീപം ആനയിറങ്കലിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ആനയിറങ്കൽ ഡാമിന്റെ കാച്ച്മെന്റ് ഏരിയായിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഏഴ് വയസോളം പ്രായമുള്ള കുട്ടിക്കൊമ്പന്റെ ജഡമാണ് ആർആർടി കണ്ടെത്തിയത്. ആനയ്ക്ക് ഏതാനും ആഴ്ചകളായി ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ആനയ്ക്ക് ഹെർപ്പിസ് രോഗം ബാധിച്ചിരുന്നതായാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
അസി. വെറ്ററിനറി സർജൻ ഡോ. സിദ്ധാർഥ് ശങ്കർ, ശാന്തൻപാറ ഗവ. വെറ്ററിനറി ആശുപത്രിയിലെ ഡോ. പവിഴം ജി. നായർ, ചിന്നക്കനാൽ ഗവ. വെറ്ററിനറി സർജൻ ഡോ. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ജഡം പോസ്റ്റ്മോർട്ടം നടത്തി ദഹിപ്പിച്ചു.
മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ്, ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഇ.ഡി. അരുൺകുമാർ, ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ്ഓഫീസർ ഹാരിസൺ ശശി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് നടപടികൾ സ്വീകരിച്ചത്.
District News
കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയിൽ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി. കൂവപ്പാറ മുസ്ലിം പള്ളിക്ക് സമീപം കട്ടായത്ത് അലിയാരുടെ പുരയിടത്തിലെ ഉപയോഗശൂന്യമായിക്കിടന്ന ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് ഇന്നലെ പുലർച്ചെ പൂർണ വളർച്ചയെത്തിയ കാട്ടുകൊമ്പൻ വീണത്.
പുലര്ച്ചെയാണ് ആന വീണുകിടക്കുന്ന വിവരം വീട്ടുകാരും നാട്ടുകാരും അറിയുന്നത്. കൊമ്പുകൊണ്ട് കുത്തി മണ്ണിടിച്ച് കരകയറാനുള്ള തത്രപ്പാടിലായിരുന്നു കൊമ്പന്. ആഴമുള്ള കിണറായിരുന്നതിനാൽ സ്വയം രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് കിണറിടിച്ച് ആനയെ കരകയറ്റി രക്ഷപ്പെടുത്താനായി ഉദ്യോഗസ്ഥർ മണ്ണുമാന്തിയെന്ത്രവുമായി രാവിലെ തന്നെ സ്ഥലത്തെത്തി. പ്രദേശത്ത് സ്ഥിരമായി ചുറ്റിത്തിരിഞ്ഞ് നാശം വരുന്ന ഒറ്റയാനാണ് കിണറ്റിൽ വീണത്.
പ്രതിഷേധവുമായി നാട്ടുകാർ
ആനയെ മയക്കുവെടി വച്ച് പ്രദേശത്ത് നിന്ന് നീക്കണമെന്നും ആനശല്യത്തിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി തിരിഞ്ഞതോടെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടിയും വന്നു. പുറത്ത് പ്രതിഷേധവും ചര്ച്ചകളും നടക്കുമ്പോള് കുഴിക്കുള്ളില് ആന വെപ്രാളത്തോടെ ചുറ്റിത്തിരിഞ്ഞു. തുമ്പിക്കൈയില് മാരകമായ മുറിവേറ്റിട്ടുള്ളതായും നാട്ടുകാര് കണ്ടെത്തി.
കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയില് വനത്തില് നിന്ന് അരകിലോമീറ്ററോളം അകലെയുള്ള ജനവാസമേഖലയാണിത്. കിണറ്റിനുള്ളിൽ വച്ച് മയക്കുവെടി വയ്ക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഉദ്യോഗസ്ഥര് അറിയിച്ചെങ്കിലും ആദ്യഘട്ടത്തിൽ നാട്ടുകാര് വഴങ്ങിയില്ല. തുമ്പിക്കൈയിലുള്ള മാരക മുറിവിനേ തുടര്ന്ന് ആനയുടെ ആരോഗ്യസ്ഥിതിയിലുള്ള സംശയവും അധികൃതര് പങ്കുവച്ചു. സംഭവ സ്ഥലത്തെത്തിയ ഷിബു തെക്കുംപുറം എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ആനയെ കരയ്ക്ക് കയറ്റി രക്ഷപ്പെടുത്താൻ തീരുമാനമെടുക്കുയായിരുന്നു.
ആനക്ക് പരിക്കേറ്റിട്ടുള്ളതിനാൽ മയക്കുവെടി വയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആന പ്രദേശത്ത് വരും ദിവസങ്ങളിലും ജനവാസ മേഖലയിൽ സ്ഥിരം എത്തുകയാണെങ്കിൽ മയക്കുവെടിവച്ച് പിടികൂടാമെന്ന ഉറപ്പ് വാങ്ങിയതിനു പുറമേ പ്രദേശത്ത് ഫെന്സിംഗ് സ്ഥാപിക്കുന്നതിനുള്ള തീരുമാനവും എടുപ്പിച്ചു. ചര്ച്ചയിലുണ്ടായ ധാരണ എംഎല്എ നാട്ടുകാരോട് വിശദീകരിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
ഉച്ചയ്ക്ക് 2.30 ഓടെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. വനപാലകരുടെ നേതൃത്വത്തില് കിണറിന്റെ വശമിടിച്ചുണ്ടാക്കിയ വഴിയിലൂടെ ആനയെ കരയ്ക്കുകയറ്റി. 12 മണിക്കൂറിലധികം നീണ്ട കിണർവാസത്തിന് ശേഷമാണ് ആനയ്ക്ക് കരകയറാനായത്. രക്ഷപ്പെട്ടോടുന്നതിനിടയില് ആന ജെസിബിക്ക് ഒരു തട്ടും നല്കി. പിന്നീട് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചു ആനയെ വനത്തിലേക്ക് തുരത്തുകയും ചെയ്തു.
ആന വീണ കിണർ പുനര്നിര്മിച്ചുനല്കാനും തീരുമാനമെടുത്തിട്ടുണ്ട്. ആവശ്യമായ തുക പഞ്ചായത്തില് നിന്ന് നല്കും. ഷിബു തെക്കുംപുറം എംഎല്എ, മലയാറ്റൂര് ഡിഎഫ്ഒ പി. കാര്ത്തിക് തുടങ്ങിയവരും മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും കുട്ടമ്പുഴ പോലീസും രക്ഷാദൗത്യത്തിന് നേതൃത്വം നല്കി. എംഎല്എയോടൊപ്പം ജനപ്രതിനിധികളായ ജെസി സാജു, വിജോയി പുളിനാട്ട്, മേരി കുര്യാക്കോസ്, രാഷ്ട്രീയ നേതാക്കളായ എസ്. സതീഷ്, ആര്. അനില്കുമാര്, കെ.എ. ജോയി, പി.പി. ജോഷി, തുടങ്ങിയവരും ചര്ച്ചകളില് പങ്കെടുത്തു.
കാട്ടുകൊമ്പൻ ഇനിയും ഇറങ്ങിയാൽ മയക്കുവെടിവച്ച് മാറ്റും: എംഎൽഎ
കോതമംഗലം: കിണറിൽ നിന്ന് കരകയറ്റിയ കാട്ടുകൊമ്പനെ വരും ദിവസങ്ങളിൽ ഡ്രോൺ സംവിധാനമുപയോഗിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടും നിരീക്ഷിക്കും. ഇതിനായി നാല് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഫോറസ്റ്റ് വാച്ചർമാരുടെ സേവനവും പ്രയോജനപ്പെടുത്തുമെന്നും ഷിബു തെക്കുപുറം എംഎൽഎ പറഞ്ഞു.
ഇനിയും കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെങ്കിൽ മയക്കുവെടിവെച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. പ്രദേശത്ത് വന്യമൃഗ ശല്യം ആവർത്തിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് അടിയന്തരമായി ഫെൻസിംഗ് നിർമിക്കാനും തീരുമാനിച്ചു. ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
District News
കൊട്ടിയൂർ: ചപ്പമല മേഖലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമായി. ജനവാസമേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തിയത്. ചപ്പമലയിലെ കോവൂർ പുഷ്പയുടെ കൃഷിയിടത്തിൽ കയറിയ ആനകൾ നിരവധി തെങ്ങുകളും റബർ മരങ്ങളും നശിപ്പിച്ചു. തുടർച്ചയായ വന്യമൃഗശല്യം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. രാത്രികാലങ്ങളിൽ കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് പതിവായതോടെ ജീവനും സ്വത്തിനും ഭീഷണി വർധിച്ചതായി നാട്ടുകാർ പറയുന്നു.
കാട്ടാനശല്യം തടയാൻ വനവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കോതമംഗലത്ത് കിണറ്റില് വീണ ആനയെ മയക്കുവെടി വയ്ക്കില്ല. ആനയെ കാട്ടിലേക്ക് തന്നെ തുരത്താനാണ് തീരുമാനമെന്ന് മലയാറ്റൂര് ഡിഎഫ്ഒ വ്യക്തമാക്കി. നിലവില് ആനയെ കിണറ്റില് നിന്നും പുറത്തെത്തിക്കാനുള്ള നടപടികള് തുടരുകയാണ്. എന്നാല് തുമ്പിക്കൈ മുറിഞ്ഞ ആനയെ മയക്കുവെടി വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുട്ടമ്പുഴ പൂയംകുട്ടി കൂവപ്പാറയില് മോസ്കിനു സമീപം കട്ടായത്ത് അലിയാരിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലാണ് ഇന്ന് പുലര്ച്ചെ 5.30 ഓടെ കാട്ടാന വീണത്. കിണറിന് ചുറ്റുമതില് ഉണ്ടായിരുന്നില്ല. കിണറിന്റെ വശം ഇടിച്ച് ആനയെ കയറ്റുവാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ആനയുടെ തുമ്പിക്കൈയ്ക്ക് മുറിവേറ്റതിനാല് തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് നാട്ടുകാര്ക്ക് ശല്യക്കാരനായിരുന്ന ഒറ്റയാനാണ് കിണറ്റില് വീണത്. സ്ഥിരം ശല്യക്കാരനായ ആനയെ മയക്കുവെടി വച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാരെ അനുനയിപ്പിച്ച് ആനയെ കിണറിടിച്ച് കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. തുമ്പിക്കൈയിലെ മുറിവ് തനിയെ മാറുമെന്നാണ് ഡോക്ടര്മാര് പറയുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞു. ചികിത്സ വേണമെങ്കില് നല്കും. ആനയെ കയറ്റിവിട്ടതിന് ശേഷം നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.
Kerala
കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി കൂവപ്പാറയില് പുരയിടത്തില് ഉപയോഗശൂന്യമായി കിടന്ന കിണറ്റില് കാട്ടാന വീണു. കൂവപ്പാറ മോസ്കിനു സമീപം കട്ടായത്ത് അലിയാരിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലാണ് ഇന്ന് പുലര്ച്ചെ 5.30 ഓടെ കാട്ടുകൊമ്പന് വീണത്. കിണറിന് ചുറ്റുമതില് ഉണ്ടായിരുന്നില്ല. കിണറിന്റെ വശം ഇടിച്ച് ആനയെ കയറ്റുവാനായി മണ്ണുമാന്തി യന്ത്രം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
എന്നാല് ആനയെ തിരികെ കയറ്റാനുള്ള ശ്രമങ്ങള് നടന്നു കൊണ്ടിരിക്കവെ നാട്ടുകാര് തടഞ്ഞു. ആനയുടെ തുമ്പിക്കൈക്ക് മുറിവേറ്റതിനാല് തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് നാട്ടുകാര്ക്ക് ശല്യക്കാരനായിരുന്ന ഒറ്റയാനാണ് കിണറ്റില് വീണത്. സ്ഥിരം ശല്യക്കാരനായിരുന്ന ഒറ്റയാനായതിനാല് കയറ്റാന് അനുവദിക്കാതെ നാട്ടുകാര് പ്രതിഷേധിക്കുകയാണ്.
ജനവാസ മേലയിലുണ്ടാകുന്ന കാട്ടാനകളുടെ സ്ഥിരം ശല്യത്തിന് പരിഹാരം വേണമെന്നും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര് സ്ഥലത്തെത്തിയ ശേഷം മാത്രം ആനയെ കരകയറ്റിയാല് മതിയെന്ന നിലപാടിലാണ് നാട്ടുകാര്. നേരത്തെ കോട്ടപ്പടി ഭാഗത്തു നിന്നും മുറിവേറ്റ ഒരാനയെ കയറ്റി വിട്ടപ്പോള് ആ സ്ഥലത്തേക്ക് വീണ്ടും ആന എത്തിയിരുന്നു.
അതിനാല് സ്ഥിരം ശല്യക്കാരനായ ആനയെ മയക്കുവെടി വെച്ച് കൊണ്ടു പോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി നാട്ടുകാര് സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. നാട്ടുകാരെ അനുനയിപ്പിച്ച് ആനയെ കിണറിടിച്ച് കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.
ഏറെ നാളുകളായി കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് കുട്ടമ്പുഴ. പകല് സമയങ്ങളില് പോലും ജനവാസ മേഖലയില് എത്താറുള്ള കാട്ടാനകള് കൃഷിയിടങ്ങള് നശിപ്പിക്കാറുണ്ട്. തിങ്കളാഴ്ച രാത്രി ഇതേ പ്രദേശത്തു വച്ച് സ്കൂട്ടര് യാത്രികനെ കാട്ടാന ആക്രമിക്കാന് ശ്രമിച്ചിരുന്നു. കെഎസ്ഇബി ഓവര്സിയര് ചിറങ്ങര സ്വദേശി ജിജോയെയാണ് കാട്ടാന ആക്രമിച്ചത്. ജിജോ രക്ഷപ്പെട്ടെങ്കിലും സ്കൂട്ടര് പൂര്ണമായി തകര്ന്നിരുന്നു.
Kerala
ഇടുക്കി: ചിന്നക്കനാലിൽ വീടിനു നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ഭാഗികമായി തകർത്തത്.
ആക്രമണത്തിനു പിന്നിൽ ചക്കക്കൊമ്പൻ ആണെന്ന് നാട്ടുകാർ പറയുന്നു. സംഭവ സമയത്തു വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളുകൾക്ക് അപകടമുണ്ടായില്ല.
വീടിന്റെ മുൻഭാഗവും കതകുകളും ആന തകർത്തു. നിലവിൽ വീടിന്റെ ഉടമയായ മുരുകൻ താമസിക്കുന്നത് സൂര്യനെല്ലിയിലാണ്. സിങ്കുകണ്ടത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ഇയാൾ സൂര്യനെല്ലിയിലേക്കു താമസം മാറുകയായിരുന്നു.
കാട്ടാന തകർത്ത വീട്ടിൽ കാർഷിക ഉപകരണങ്ങളാണ് നിലവിൽ സൂക്ഷിക്കുന്നത്. ഇതിനു സമീപത്തു തന്നെയാണ് കാട്ടാനക്കൂട്ടം രണ്ടാഴ്ച മുമ്പ് മാരി എന്ന സ്ത്രീയെ ചവിട്ടി കൊലപ്പെടുത്തിയത്.
Kerala
കൊച്ചി: കോതമംഗലം കീരംപാറയില് ജനവാസ മേഖലയില് ഇറങ്ങിയ കാട്ടാന വീടിന്റെ മേല്ക്കൂര തകര്ത്തു. പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്ക്കൂരയാണ് തകര്ത്തത്. ഇന്നലെ രാത്രി 11.30 ഓടെയാണ് ആന എത്തിയത്. എന്നാല് വീട്ടുകാര്ക്ക് പരിക്കേറ്റില്ല.
കാട്ടാന ഭീതിയില് പേടിച്ചാണ് ഷെജിയും മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം കഴിയുന്നത്. എട്ടു വര്ഷമായി കാട്ടാന ഈ പ്രദേശത്ത് എത്തുന്നുണ്ട്. ആനയെ ഓടിച്ചു വിടുമെങ്കിലും ആന തിരിച്ചെത്തും. നേരത്തെ രാത്രിയാണ് ആന എത്തിക്കൊണ്ടിരുന്നതെങ്കില് ഇപ്പോള് വൈകുന്നേരം ആറിനുള്ളില് ജനവാസ മേഖലയില് എത്തുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടപടി എടുക്കാന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇന്നലെ രാത്രി ഒരു കാട്ടാന മാത്രമാണ് എത്തിയതെങ്കിലും ദിവസങ്ങള്ക്ക് മുമ്പ് ഒരു കൊമ്പനും രണ്ടു പിടിയാനുകളും ഒരു കുട്ടിയാനയുമാണ് പ്രദേശത്ത് എത്തിയത് എന്നാണ് ഷെജി കുമാര് പറയുന്നത്.
District News
മരോട്ടിച്ചാൽ: പുത്തൂർ - പാണഞ്ചേ രി പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളായ വെള്ളക്കാരിത്തടം, മാന്ദാമംഗലം, മരോട്ടിച്ചാൽ, ചെന്നായ്പാറ, തെക്കേകുളം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതിൽ പ്രതിഷേധിച്ചാണു മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പള്ളിത്താഴം സെന്ററിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധ ധർണ കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുത്തൂർ, പാണഞ്ചേരി പഞ്ചാ യത്തിലെ മലയോരമേഖലകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണു സമരസമിതി രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ജനകീയസമിതി ജോയിന്റ് കൺവീനർ ബി.എസ്. എഡിസൺ അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകൻ ജോർജ് പൊടിപ്പാറ, പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജി, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. ശ്രീനിവാസൻ, പഞ്ചായത്തംഗങ്ങളായ സിബി അജി, റെജി പുറ്റാനിയിൽ, ജോസി ബേബി, വിവിധ രാ ഷ്ട്രീയ കക്ഷി പ്രതിനിധികളായ ബിജോയ് തോമസ്, ഷിബു പോൾ, പി.എസ്. ബാബു, കനിഷ്കൻ, ബാബു തോമസ്, സമരസമിതി കൺവീനർ ബാബു പനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
മനുഷ്യജീവനെക്കാൾ പ്രാധാന്യം വന്യമൃഗങ്ങൾക്ക്: പഞ്ചായത്ത് പ്രസിഡന്റ്
വടക്കാഞ്ചേരി: മനുഷ്യജീവനെക്കാൾ സർക്കാരുകൾ പ്രാധാന്യം നൽകുന്നതു വന്യമൃഗങ്ങൾക്കാണെന്ന് മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ്് എൻ.എസ്. വർഗീസ് പത്രസമ്മേളനത്തിൽപറഞ്ഞു. മുള്ളൂർക്കര പഞ്ചായത്തിന്റെ വനാതിർത്തി പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനയിറങ്ങുന്നതും കൃഷികൾ നശിപ്പിക്കുന്നതും നിത്യസംഭവമായിമാറിയിരിക്കുകയാണന്നും ജനങ്ങൾ ഭീതിയോടെയാണു ജീവിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ്് പറഞ്ഞു.
കഴിഞ്ഞ ദിവസം വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയിൽ ആനകളിറങ്ങി നിരവധി കർഷകരുടെ വിവിധയിനം കൃഷികൾ നശിപ്പിച്ചു. പ്രദേശവാസികൾ വിവരമറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താതിരുന്നത് മോശമായെന്നും പ്രസിഡന്റ്് പറഞ്ഞു. ഇനിയെങ്കിലും ആനവിഷയം ഉണ്ടാകുമ്പോൾ ചെറുതുരുത്തി - വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിൽനിന്നും ഇടപെടലുകൾ ഉണ്ടാകണമെന്നും വർഗീസ് കൂട്ടിചേർത്തു.
തൃശൂർ - പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ തുരങ്കപാത നിർമിച്ചതോടെയാണു ഷോളയാർ വനത്തിൽനിന്നും ആനകൾ കൂട്ടത്തോടെ മച്ചാട് വനമേഖലയിലേക്കു കടന്നതെന്നും അകമല ഉൾപ്പടെയുള്ള ഫോറസ്റ്റ് സ്റ്റേഷനുകൾ അനാഥാലയങ്ങളായിമാറിയെന്നും അത് ഉടൻ തുറന്നുപ്രവർത്തിക്കാൻവേണ്ട നടപടികൾ ഉടൻ അധികൃതർ കൈക്കൊള്ളണമെന്നും വർഗീസ് പറഞ്ഞു.
കാട്ടാന ശല്യത്തിന് ശ്വാശ്വതപരിഹാരംതേടി പഞ്ചായത്ത് ഭരണസമിതിഅംഗങ്ങൾ വനംമന്ത്രി ഷിബു ബേബിജോണിനെ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിക്കും. കുതിരാനിൽ അടിയന്തര സോളാർ ഫെൻസിംഗ് നടത്തി ആനകളെ റിവേഴ്സ്ഡ്രൈവ് നടത്തി തിരിച്ചയക്കുന്നതിനായുള്ള ചർച്ചയാണ് പ്രധാനമായും മന്ത്രിയെക്കണ്ട് നടത്തുക.
പിആർടി അംഗങ്ങൾക്ക് ഫോ റസ്റ്റ് ഡിപ്പാർട്ടുമെന്റുമായി ചേർന്ന് കൂടുതൽ പരിശീലനം നൽകും. യു.ആർ. പ്രദീപ് എംഎൽഎ, കെ. രാധാകൃഷ്ണൻ എംപി എന്നിവർക്കു നിവേദനം നൽകും. ആനകളെസൂക്ഷിക്കുക എന്നമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
പത്രസമ്മേളനത്തിൽ പ്രസിഡന്റിനെക്കൂടാതെ ഭരണസമിതി അംഗങ്ങളാ യ കെ. നാരായണൻകുട്ടി, കെ.എ. മൊഹിയുദ്ദീൻ, കെ.ഇ. മീന, ജലജ ശശി തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: കോതമംഗലത്ത് ജനവാസമേഖലകളിലിറങ്ങി വ്യാപക നാശനഷ്ടം സൃഷ്ടിച്ചതിനെ തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ ഞായറാഴ്ച രാവിലെ നടക്കും. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ വ്യാപക നാശനഷ്ടം സൃഷ്ടിച്ചതിനെ തുടർന്നാണ് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശിപാർശ പ്രകാരമായിരുന്നു മൂന്ന് ദിവസം മുൻപ് നടപടി. ആനയുടെ വായയ്ക്ക് പരിക്കുകൾ ഉണ്ടായിരുന്നു. ഉൾക്കാട്ടിൽ മറ്റ് കാട്ടാനകളുമായി സംഘർഷമുണ്ടായി ശരീരത്തിൽ പരിക്കുകളും ഉണ്ടായിരുന്നുവെന്നാണ് വിവരം.
Kerala
കോതമംഗലം: ഒരു മാസത്തോളമായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പിടിയാനയെ തളയ്ക്കാനുള്ള ശ്രമങ്ങള് അവസാനഘട്ടത്തില്. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്ത് പ്രദേശത്ത് പകല്സമയത്തുള്പ്പെടെ സ്ഥിരം സാന്നിധ്യമായ ആനയെ, ഇന്നു രാവിലെ മയക്കുവെടി വച്ചു. ആനയെ പിടികൂടി റേഡിയോ കോളറും തെര്മല് കാമറയും ഘടിപ്പിച്ച് ജനവാസ മേഖലയില് നിന്ന് മാറ്റാനാണു ശ്രമം.
നിലവില് കോട്ടപ്പടി കണ്ണക്കട ഭാഗത്ത് വനത്തിനുള്ളിലാണ് ആനയുള്ളത്. ഇന്നു രാവിലെ 8.15 നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് ആദ്യത്തെ മയക്കുവെടി വച്ചത്. വെടിയേറ്റെങ്കിലും ആന വനത്തിലൂടെ നടന്നുനീങ്ങുകയാണ്. ദൗത്യസംഘം ആനയ്ക്കു പിന്നാലെയുണ്ട്. ആന പൂര്ണമായി മയങ്ങിയ ശേഷമാകും റേഡിയോ കോളറും കാമറയും ഘടിപ്പിക്കുക.
ആനയുടെ ശല്യത്തിനെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധങ്ങള്ക്കൊടുവിലാണ് മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളറും തെര്മല് കാമറയും ഘടിപ്പിച്ച് ജനവാസ മേഖലയില് നിന്ന് മാറ്റാന് ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഡോ. പ്രമോദ് ജി. കൃഷ്ണന് ഉദ്യോഗസ്ഥര്ക്ക് ഉത്തരവ് നല്കിയത്.
ആനയുടെ ഇടത് കീഴ്ത്താടിയില് പരിക്ക് ഏറ്റിട്ടുള്ളതായി കണ്ടെത്തി. കാട്ടാനക്കൂട്ടത്തില് നിന്ന് ഒറ്റതിരിഞ്ഞ് ജനവാസമേഖലയോട് ചേര്ന്ന് വെള്ളം സുലഭമായി ലഭിക്കുന്ന ഇടങ്ങളില് ആന സുരക്ഷിതമായി തമ്പടിക്കാനും ഇത് കാരണമായിട്ടുണ്ട്.
ആനയെ നിരീക്ഷിക്കുന്നതിനായി പ്രത്യേകം വെറ്ററിനറി സംഘം രൂപീകരിക്കണമെന്നും ആനയെ വിശദമായി പരിശോധിച്ച് പരിക്കിന്റെ കാരണം കണ്ടെത്തണമെന്നും വിവരം റിപ്പോര്ട്ട് ചെയ്യണമെന്നും ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഉദ്യോഗസ്ഥരോട് നിര്ദേശിച്ചിട്ടുണ്ട്.
ആനയുടെ ദേഹത്ത് പിടിപ്പിക്കാനുള്ള റേഡിയോ കോളറും അനുബന്ധ സാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വനം വകുപ്പിന്റെയും പോലീസിന്റെയും വലിയ സംഘവും നാട്ടുകാരും ആനയെ പിടികൂടാനുള്ള ശ്രമങ്ങളിലുണ്ട്.
ബുധനാഴ്ചയും കൃഷിയിടങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ ആനയെ തുരത്താന് വനപാലകര് എത്തിയത് ഏറെ വൈകിയാണ്. ആനയെ ഓടിച്ചുവിടാന് അനുവദിക്കില്ലെന്ന്, നാട്ടുകാര് ഉറച്ച നിലപാടെടുത്തു. ഇതിനിടയിലാണ് ഷിബു തെക്കുംപുറം എംഎല്എ മന്ത്രിതലത്തിലും ഉന്നതഉദ്യോഗസ്ഥ തലത്തിലും ഇടപെടലുകള് നടത്തിയത്.
ആനയെ മയക്കുവെടിവച്ച് പിടികൂടി സ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള നടപടിയെടുക്കാന് മന്ത്രി ഷിബു ബേബി ജോണ് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. ഇതിനു പിന്നാലെ വെറ്ററിനറി ഡോക്ടറും എസിഎഫ് ജ്യോതിഷ് ഒഴാക്കലും റേഞ്ച് ഓഫീസര് ലുധീഷും ഉള്പ്പെടെയുള്ളവര്, ആന തമ്പടിച്ച സ്ഥലത്ത് എത്തി പരിശോധന നടത്തി.
Kerala
കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തില് തമ്പടിച്ച കാട്ടാനയെ മയക്കുവെടി വയ്ക്കാന് അനുമതി. മയക്കുവെടി വയ്ക്കുന്നതിനായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ് ഡിഎഫ്ഒക്ക് അനുമതി നല്കി.
ഒരു മാസക്കാലമായി പിണ്ടിമന പഞ്ചായത്തിലെ ജനങ്ങളില് ഭീതി സൃഷ്ടിച്ച് തമ്പടിച്ച കാട്ടാന ഇപ്പോള് വൈറ്റിലപ്പാറ ഭാഗത്ത് 14-ാം വര്ഡിലാണ് നിലയുറപ്പിച്ചിട്ടുള്ളത്.
നേരത്തെ കാട്ടാനയെ ഉള്വനത്തിലേക്ക് തുരത്താന് എറണാകുളം ജില്ലാ കളക്ടര് നിര്ദേശിച്ചിട്ടും നടപടി ഉണ്ടായിരുന്നില്ല. ജനവാസ മേഖലയില് എത്തിയ കാട്ടാന കൃഷയിടങ്ങളില് നാശം വരുത്തുകയും വൈദ്യുതി കണക്ഷന് കേബിളുകള് പൊട്ടിച്ചു കളയുകയും ചെയ്തിരുന്നു.
Kerala
ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. മറയൂര് കാന്തല്ലൂരില് മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്മോര്ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്ട്ടിലാണ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് ചുരക്കുളം ഉന്നതിയിലെ മുരുകന് മരിച്ചത്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലല്ല എന്നായിരുന്നു വനംവകുപ്പിന്റെ വാദം.
എന്നാല് മുരുകന്റെ മുതുകില് കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നത്. മൂന്നാര് ഡിവൈഎസ്പിയുടെ മധ്യസ്ഥതയില് നടത്തിയ ചര്ച്ചയില് ബന്ധുക്കള്ക്ക് അഞ്ച് ലക്ഷം രൂപ വനംവകുപ്പ് കൈമാറാന് തീരുമാനമായി. പണം നല്കിയാല് മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളുവെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.
Kerala
മറയൂര്: കാട്ടാന ആക്രമണത്തില് ആദിവാസി മരിച്ചു. മറയൂര് ചുരക്കുളം സ്വദേശി മുരുകന് (55) ആണ് മരിച്ചത്. ജോലിക്ക് പോയി തിരിച്ചുവരവേ പാമ്പന്പാറ ഭാഗത്ത് കാട്ടാനയുടെ മുന്നില്പ്പെട്ട മുരുകന് ഓടി രക്ഷപെടാന് ശ്രമിക്കുന്നതിനിടെ വീണു മരിച്ചെന്നാണ് നാട്ടുകാര് ആരോപിക്കുന്നത്.
എന്നാല് പോസ്റ്റുമോര്ട്ടത്തില് മാത്രമേ കാട്ടാന ആക്രമണത്തിലാണോ മരണം സംഭവിച്ചതെന്ന് വ്യക്തമാകു എന്ന് വനംവകുപ്പധികൃതര് പറഞ്ഞു. കാട്ടാന ആക്രമണത്തിലാണ് മുരുകന് മരിച്ചതെന്ന് കാന്തലൂര് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവന് രാജ് പറഞ്ഞു.
സംഭവത്തെ തുടര്ന്ന് നാട്ടുകാര് വനംവകുപ്പ് വാഹനത്തിനു മുന്നില് പ്രതിഷേധവുമായി രംഗത്തെത്തി. ഏതാനും ദിവസം മുമ്പാണ് ചിന്നക്കനാല് സൂര്യനെല്ലിയില് മകനെ സ്കൂളിലയയ്ക്കാന് പോയ വീട്ടമ്മ കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ടത്.
Kerala
എടക്കര (മലപ്പുറം): മൂത്തേടം പാലാങ്കരയിൽ കരിന്പുഴയോരത്ത് തീറ്റ തേടിയെത്തിയ കാട്ടാന ജലനിധിയുടെ കിണറ്റിൽ വീണു. ഇന്നലെ രാവിലെ പത്തരയോടെയാണു പാലാങ്കര കരിന്പുഴ പാലത്തിന് സമീപം പുഴയോട് ചേർന്നുള്ള ജലനിധിയുടെ കിണറ്റിൽ കാട്ടാന വീണ നിലയിൽ കാണപ്പെട്ടത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആനയെ കിണറ്റിൽനിന്നു കരയ്ക്കു കയറ്റി. തീറ്റതേടിയിറങ്ങിയ കാട്ടാന ബുധനാഴ്ച രാത്രിയാണ് കിണറ്റിൽ വീണത്. ആന ചവിട്ടിയതോടെ കിണറിനു മുകളിലെ കോണ്ക്രീറ്റ് സ്ലാബ് തകർന്ന് ആന കിണറ്റിൽ വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് കാട്ടാനയെ കിണറ്റിൽ വീണ നിലയിൽ കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ റിംഗുകൾ പൊട്ടിച്ച് ആനയെ പുറത്തെത്തിച്ച് വനത്തിലേക്ക് കയറ്റുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി ആളുകളാണ് കിണറ്റിൽ വീണ ആനയെ കാണാൻ പ്രദേശത്ത് തടിച്ചു കൂടിയത്.
Kerala
മലപ്പുറം: കരുളായി പാലാങ്കരയിൽ കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കരുളായി പാലാങ്കര വലിയ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ആന വീണത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനപാലകരുടെ സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ വ്യാപതി കൂട്ടി ആനയെ കരയ്ക്കെത്തിക്കുകയായിരുന്നു.
Kerala
കോതമംഗലം: മാമലക്കണ്ടത്ത് വീടിനു മുന്നിലെത്തിയ കാട്ടാനയെ തുരത്താന് വനം വാച്ചര് പടക്കം പൊട്ടിച്ചപ്പോള് വിരണ്ടോടി വന്ന കാട്ടാനയ്ക്കു മുന്നിൽനിന്ന് ഭയന്നോടി വീണ് ആദിവാസിക്കു പരിക്ക്.
എളംബ്ലാശേരി ആദിവാസി ഉന്നതിയിലെ മോഹനന് മാരി(54)ക്കാണു പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
മാരിയുടെ വീടിനു മുന്നിലെത്തിയ ആനയെ തുരത്താന് വനം വാച്ചര് പടക്കം പൊട്ടിച്ചപ്പോള് വിരണ്ട ആന പടക്കം പൊട്ടിയ ഭാഗത്തേക്ക് ഓടിയെത്തി.
ഓടിയടുത്ത ആനയ്ക്കു മുന്നിൽപ്പെട്ട് ഭയന്നോടി മാറവേ തട്ടിവീണ മാരിയുടെ ഇടതു കാല്മുട്ടിനാണ് പരിക്കേറ്റത്. സമീപത്തെ ക്ലിനിക്കില് ചികിത്സ തേടി. വനപാലകരെ വിവരം അറിയിച്ചിട്ടും എത്തിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കോട്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. കോട്ടൂർ കാപ്പകാട് ഇരപ്പുപാറയ്ക്ക് സമീപമാണ് സംഭവം.
മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ചേനാൻപാറ സെറ്റിൽമെന്റിൽ താമസിക്കുന്ന പ്രണവ് (24), ചന്ദ്രബാബു (28) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനാതിർത്തി മേഖലയായതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Kerala
തിരുവനന്തപുരം: കന്യാകുമാരി കീരിപ്പാറയില് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട്ടെ സ്വദേശി രവി(47)യ്ക്കാണ് പരിക്കേറ്റത്.
കീരിപ്പാറ എസ്റ്റേറ്റില് ഗ്രാമ്പു പറിക്കാന് എത്തിയതായിരുന്നു രവി. ഷെഡ്ഡില് വിശ്രമിക്കുന്നതിനിടെ ഒറ്റയാന് ആക്രമിക്കുകയായിരുന്നു. വയറ്റില് ആനയുടെ കുത്തേറ്റ രവിയെ ആശാരിപ്പളളം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു.
കേരളാ-തമിഴ്നാട് അതിര്ത്തി പ്രദേശത്ത് ഇക്കഴിഞ്ഞ മൂന്നാം തീയതിയും കാട്ടാന ആക്രമണം റിപ്പോര്ട്ട് ചെയ്തിരുന്നു. അന്ന് ആനയുടെ ആക്രമണത്തില് കാഞ്ഞിരംപാറ സ്വദേശി രാജേഷ് കൊല്ലപ്പെട്ടിരുന്നു. നെയ്യാറ്റിന്കര വെളളറടയ്ക്ക് സമീപം പേണുവിലാണ് കാട്ടാന ആക്രമണമുണ്ടായത്.
Kerala
അഗളി: അട്ടപ്പാടിയിൽ രണ്ടിടങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. അഗളി പുതൂർ പഞ്ചായത്തിലെ മുള്ളി സ്വദേശി വെള്ളിങ്കിരി (30), ഷോളയൂർ പഞ്ചായത്തിലെ പെട്ടിക്കൽ വടക്കേടത്ത് ബിൻസി ഷാജി (51), ഓട്ടോഡ്രൈവർ പെട്ടിക്കൽ സ്വദേശി പ്രസാദ് (48) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ നാലോടെ മുള്ളിപ്പുഴയുടെ സമീപത്തുനിന്നാണു വെള്ളിങ്കിരിക്ക ുനേരെ ആക്രമണമുണ്ടായത്. വെള്ളിങ്കിരിക്കു ഗുരുതര പരിക്കേറ്റു.
അഗളി ഗവ. ഹൈസ്കൂളിൽ ജീവനക്കാരിയായ ബിൻസി, പ്രസാദിന്റെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ പുലർച്ചെ 5.30ഓടെയാണ് കാട്ടാനയുടെ മുന്പിൽപെട്ടത്. ചിറ്റൂർ ജംഗ്ഷനുസമീപം ശിരുവാണിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിനടുത്തു മറഞ്ഞു നിന്ന കാട്ടാന ഓട്ടോ കുത്തിമറിച്ചു.
കാട്ടിലേക്കു തെറിച്ചുവീണ ഓട്ടോയിൽനിന്ന് ഡ്രൈവർ പ്രസാദ് പരിക്കുകളോടെ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രസാദ് അറിയിച്ചതനുസരിച്ച് ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട ബിൻസിയെ പെട്ടിക്കല്ലിൽനിന്ന് ആളുകളെത്തിയാണു രക്ഷപ്പെടുത്തിയത്.
സമീപത്തുതന്നെ നിലയുറപ്പിച്ച കാട്ടാന ആക്രമിച്ചേക്കുമെന്ന ഭയത്തിൽ ശബ്ദമുണ്ടാക്കാതെ വേദന കടിച്ചമർത്തി ബിൻസി ഏറെനേരം കിടന്നു. പഞ്ചായത്തംഗം ജി. ഷാജു, അറയ്ക്കൽ പ്രദീപ്, മിനർവ പ്രദീപ് എന്നിവർ സ്ഥലത്തെത്തി ഓട്ടോ ഉയർത്തി ബിൻസിയെ രക്ഷിക്കുകയായിരുന്നു. മുഖത്തും വാരിയെല്ലിനും ഇടതുകാലിനും ബിൻസിക്കു പരിക്കേറ്റിട്ടുണ്ട്.
വനം-റവന്യു ഉദ്യോഗസ്ഥർ, പോലീസ്, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. ഏതാനും ആഴ്ചകളായി അട്ടപ്പാടിയിൽ കാട്ടാനശല്യമുണ്ട്.
Kerala
മാനന്തവാടി: കാട്ടാന ആക്രമണത്തില് വയോധികന് പരിക്ക്. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിലെ രാജു (65) വിനാണ് പരിക്കറ്റത്. ഇന്നു രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപം ജോലിയിലായിരുന്ന രാജുവിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കാണ് കാര്യമായ പരിക്ക്. ഗവ.മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ജനവാസകേന്ദ്രത്തില്നിന്നു വനസേനാംഗങ്ങളും നാട്ടുകാരും ചേര്ന്ന് തുരത്തുന്നതിനിടെയാണ് ആന രാജുവിന്റെ വീടിനടുത്തുകൂടി കടന്നുപോയത്.
Kerala
കോതമംഗലം: എറണാകുളം കോതമംഗലത്തു കാട്ടാന ആക്രമണം രൂക്ഷം. കുട്ടമ്പുഴ പിണവൂര്കുടിയില് ഇന്നു പുലര്ച്ചെയെത്തിയ കാട്ടാനക്കൂട്ടം വീടിന്റെ മുകളിലേക്കു പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല് ബിനോയിയുടെ വീടിന്റെ മേല്ക്കൂരയിലേക്കാണ് മരം മറിച്ചിട്ടത്. വീട് ഏതാണ്ട് പൂർണമായി തകർന്ന അവസ്ഥയിലാണ്.
പുലര്ച്ചെ മൂന്നോടെ ഒച്ച കേട്ട വീട്ടിലെ താമസക്കാരായ രാജന്, ഭാര്യ അനിത, ഇവരുടെ പത്തു വയസുകരി മകള് എന്നിവര് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനശല്യം മൂലം വീടിനു പുറത്തിറങ്ങാന് പോലും കഴിയാത്ത അവസ്ഥയാണെന്നും വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും വാര്ഡ് മെമ്പര് ബിന്ദു രാജേന്ദ്രന് പറഞ്ഞു.
ആറേഴ് വര്ഷമായി പ്രദേശത്തു കാട്ടാനയുടെ ശല്യം രൂക്ഷമാണ്. മൂന്നു കോടി രൂപയുടെ ട്രഞ്ച്, ഫെന്സിംഗ് സംവിധാനങ്ങള് ഒരുക്കിയിരുന്നെങ്കിലും ഇതൊക്കെ നശിപ്പിച്ചാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്താറുള്ളത്. സന്ധ്യ കഴിഞ്ഞാല് പുറത്തേക്ക് ഇറങ്ങാന് സാധിക്കാത്ത സാഹചര്യമാണ് എന്നാണ് നാട്ടുകാര് പറയുന്നത്.
Kerala
കോഴിക്കോട്: കൂരാച്ചുണ്ടിലെ ജനവാസമേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്ന് പുലർച്ചെ രണ്ടോടെ മണ്ടോപ്പാറ വരിക്കാലിക്കൽ ബെന്നിയുടെ വീടിന് സമീപത്താണ് ആനയെ കണ്ടത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും കാട്ടാന ജനവാസമേഖലയിലിറങ്ങിയത്. ആർആർടി സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായിട്ടില്ല.
Kerala
ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഇന്ന് രാവിലെ യുവതിയെ ചവിട്ടിക്കൊലപ്പെടുത്തിയ കാട്ടാന വീണ്ടും ജനവാസമേഖലയിൽ. സൂര്യനെല്ലി ടൗണിനോട് ചേർന്നുള്ള സ്ഥലത്ത് ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ആർആർടി സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റും ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. സൂര്യനെല്ലി സ്വദേശി മാരി(36) ആണ് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന ഇവരുടെ കുട്ടിക്കും പരിക്കുണ്ട്. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
കുട്ടിയെ സ്കൂളിൽ വിടാൻ പോകുന്നതിനിടെ ഇവർ കാട്ടാനയുടെ മുന്നിൽപെട്ട് പോകുകയായിരുന്നു. മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ ആന സമീപത്തുളളത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
Kerala
കൊച്ചി: പെരുമ്പാവൂര് വേങ്ങൂരില് ജനവാസ മേഖലയില് വീണ്ടും കാട്ടാന. ഇന്ന് പുലര്ച്ചെ പാണിയലിയില് സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്താണ് രണ്ടു കാട്ടാനകള് എത്തിയത്. വീട്ടുകാര് ബഹളം വച്ചതോടെ ആനകള് കാട് കയറി.
കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്. കാട്ടാനയുടെ ആക്രമണത്തില് വേങ്ങൂരില് കഴിഞ്ഞ ദിവസം ഒരാള്ക്ക് പരിക്കേറ്റിരുന്നു. കടയില് നിന്നും തിരിച്ചു മടങ്ങിയ ആളെയാണ് കാട്ടാന ആക്രമിച്ചത്.
District News
കൂത്തുപറമ്പ്: കാട്ടാന ശല്യം രൂക്ഷമായ കണ്ണവം മേഖലയിൽ എംഎൽഎമാരായ വി.കെ. സനോജ്, പി.കെ. പ്രവീൺ എന്നിവർ സന്ദർശിച്ചു. പ്രശ്നം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് എംഎൽഎമാർ പറഞ്ഞു. ഇന്നലെ രാവിലെയാണ് കണ്ണവം മേഖലയിലെ വെളുമ്പത്ത്, കാണിയൂർ തുടങ്ങിയ പ്രദേശങ്ങൾ എംഎൽഎമാർ സന്ദർശിച്ചത്.
കണ്ണവം വനമേഖലയോട് ചേർന്നുള്ള വെളുമ്പത്ത്, കാണിയൂർ, പന്ന്യോട്, അതൃകുഴി തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രണ്ട് എംഎൽഎമാരും കഴിഞ്ഞദിവസം വനം മന്ത്രിക്ക് നിവേദനം നല്കിയിരുന്നു.
Kerala
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ ബിദർക്കാടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ബിദർക്കാട് കൈവട്ട ഓടോടംവയൽ സ്വദേശി ഭാസ്കരനാണ് (52) മരിച്ചത്.
ചൊവ്വാഴ്ച പാട്ടവയൽ കൈവട്ടയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. ഭാര്യ: തമിഴ് സെൽവി. മക്കൾ: സുമൻ, സുധ.
Kerala
അതിരപ്പിള്ളി: വനം മന്ത്രി ഷിബു ബേബി ജോൺ സഞ്ചരിച്ച വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടു.
വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട് മോഹനന്റെ വീടും സംഭവസ്ഥലവും സന്ദർശിക്കാൻ അതിരപ്പിള്ളിയിൽ എത്തിയതായിരുന്നു മന്ത്രി.
വിശ്രമത്തിനായി വാഴച്ചാൽ ഐബിയിലേക്ക് പോകവേ ഞായറാഴ്ച രാത്രി 11ന് ചാർപ്പയിൽവച്ചാണു വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടത്.മന്ത്രിയുടെ വാഹനത്തിന്റെ മുന്നിൽ പോയിരുന്ന പോലീസ് ജീപ്പിനരികേ കാട്ടാന നിലയുറപ്പിച്ചു. മന്ത്രിയുടെ വാഹനം ഉൾപ്പെടെ ഇതോടെ നിർത്തിയിട്ടു.
ഏറെനേരം കഴിഞ്ഞാണ് കാട്ടാന റോഡിൽനിന്നു മാറി വനത്തിലേക്കു കയറിപ്പോയത്. ഇതിനുശേഷം മന്ത്രി വാഴച്ചാലിലേക്കു പോയി.
Kerala
കോതമംഗലം: മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു. ചാമപ്പാറ മാവിന്ചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫിന്റെ വീടാണു തകര്ത്തത്. പലവട്ടം കാട്ടാനകൾ ആക്രമിച്ച വീടാണിത്. സംഭവസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 6.45ഓടെയായിരുന്നു സംഭവം.
ഡെനീഷിന്റെ പിതാവ് ജോസഫാണ് ഇവിടെ താമസിച്ചിരുന്നത്. കാന്സര് ബാധിതനായ ജോസഫിനെ ആശുപത്രിയില് കൊണ്ടുപോയശേഷം തിരികെയെത്തി അന്നു രാത്രി ഡെനീഷിന്റെ വീട്ടിലാണു താമസിച്ചത്. ഇന്നലെ പുർച്ചെ വീട്ടിലേക്കു തിരികെയെത്തിയപ്പോള് വീട്ടുമുറ്റത്തും പരിസരത്തുമായി ആനക്കൂട്ടം നില്ക്കുന്നതാണു കണ്ടതെന്ന് ഡെനീഷ് പറഞ്ഞു.
വീട് വാസയോഗ്യമല്ലാത്ത വിധം തകർത്തനിലയിലാണ്. ഒച്ചവച്ചാണ് ആനക്കൂട്ടത്തെ തുരത്തിയത്. എട്ടു മാസത്തിനിടെ നാലാം തവണയാണ് ഡെനീഷിന്റെ വീട് ആനക്കൂട്ടം തകര്ക്കുന്നത്. ഇതിനുമുമ്പ് ഫെബ്രുവരിയിലായിരുന്ന ആക്രമണം. ഇക്കുറി വീടിന്റെ മൂന്നു ജനല്പ്പാളികളും ഭിത്തിയും തകര്ത്തു. വീടിനകത്തു കയറി പുതിയ കട്ടിലും വീട്ടുസാധനങ്ങളും നശിപ്പിച്ചു. അരിയും പലവ്യഞ്ജനങ്ങളും പാത്രങ്ങളും റേഷന് കാര്ഡും പത്തു ദിവസത്തേക്ക് വാങ്ങിയ 4000 രൂപ വിലയുള്ള മരുന്നടക്കം പൂര്ണമായും നശിപ്പിച്ചു.
മൂന്നു തവണ ആനക്കൂട്ടം വീട് തകര്ത്തിട്ടും വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി പോയെങ്കിലും പട്ടയം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇതുവരെ യാതൊരുവിധ സാമ്പത്തികസഹായവും നൽകിയിട്ടില്ലെന്ന് ഡെനീഷ് പറഞ്ഞു.
ആന പുരയിടത്തില് പ്രവേശിക്കാതിരിക്കാന് ട്രഞ്ച് താഴ്ത്താനും പുരയിടത്തിലെ മരംമുറിക്കാനും വനം വകുപ്പ് അധികൃതര് അനുമതി നൽകുന്നില്ല. എന്നാൽ സമീപത്തെ പല റിസോര്ട്ടുകള്ക്കും വഴിവിട്ട സഹായം ഇവർ ചെയ്യുന്നുണ്ട്. നാലു പ്രാവശ്യമായി കാട്ടാന വീട് തകര്ത്തതിലൂടെ 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
Kerala
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മാമലക്കണ്ടം സ്വദേശി ഡെനീഷ് ജോസഫിൻ്റെ വീടാണ് കാട്ടാന അക്രമിച്ചത്.
രാവിലെയാണ് കാട്ടാനക്കൂട്ടം വീട്ടുമുറ്റത്ത് എത്തിയത്. കതകടക്കം നശിപ്പിച്ചാണ് കാട്ടാനകൾ മടങ്ങിയത്. രണ്ട് വര്ഷത്തിനിടെ ഇത് നാലാം തവണയാണ് കാട്ടാനകൾ വീടിനു നേരെ നീങ്ങുന്നത്.
പലപ്പോഴായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പറയുന്നു കുടുംബം.
Kerala
കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
Kerala
കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: കെഎസ്ഇബി ഉദ്യോഗസ്ഥനു നേരേ കാട്ടാന ആക്രമണം. മൂഴിയാർ ശബരിഗിരി പവർ ഹൗസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ശൂരനാട് സ്വദേശി ഷിബു തങ്കപ്പനു (50 ) ആണ് പരിക്ക്.
ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് മൂഴിയാർ സബ് ഡിവിഷനിലേക്ക് ഉച്ചകഴിഞ്ഞ് 1.30ഓടെ ബൈക്കിൽ തിരികെ പോകുമ്പോൾ വനമേഖലയിൽ വേലുത്തോടിനു സമീപത്തായിരുന്നു ആക്രമണം.
ആനകൾ കടന്നുപോകുന്ന ആനത്താര ഭാഗത്താണ് ആക്രമണമുണ്ടായത്. ആനയുടെ ചവിട്ടേറ്റ് കാലിന്റെ എല്ലിന് ഒടിവും ദേഹമാസകലം പരിക്കുമുണ്ട്.
അവശനായി റോഡിൽ കിടന്ന ഇദ്ദേഹത്തെ ഇതു വഴി വന്ന മറ്റൊരു കെഎസ്ഇബി ജീവനക്കാരനും ഊരിലെ കുട്ടികളും ചേർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷം വിവരം പവർഹൗസിൽ അറിയിക്കുകയും ഉടനെ ആംബുലൻസിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
National
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മസിനഗുഡി ക്വാറിക്കു പിന്നിലുള്ള സിദ്ദപ്പജി ക്ഷേത്രത്തിലെ പൂജാരി രാജപ്പൻ (40), കോത്തഗിരി കെങ്കരയിലെ താളമൊക്കൈ ഗ്രാമത്തിലെ രഘു (28) എന്നിവരാണു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മസിനഗുഡിയിലെ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് രാജപ്പനെ കാട്ടാന ആക്രമിച്ചത്. ഇയാൾ സംഭവസ്ഥലത്ത് മരിച്ചു. വിവരമറിഞ്ഞ് പോലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം ഊട്ടി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
താളമൊക്കൈ ആദിവാസി ഗ്രാമത്തിലെ രഘു വീട്ടിൽനിന്ന് ക്ഷേത്രത്തിലേക്കു പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഇദ്ദേഹവും സംഭവ സ്ഥലത്തു മരിച്ചു. വിവരമറിഞ്ഞ് പോലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം ഊട്ടി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
ഈ മാസം എട്ടിന് അയ്യംകൊല്ലി മുരിക്കുംപാടിയിലും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാരിയമ്മാളാണ് രഘുവിന്റെ ഭാര്യ. മക്കൾ: ശിവജി, ജയശ്രീ.
Kerala
കൊച്ചി: എറണാകുളം നേര്യമംഗലം വനമേഖലയില് കാട്ടാന ചരിഞ്ഞനിലയില്. നേര്യമംഗലം റേഞ്ചിന് കീഴില് വരുന്ന വാളറ കുളമാംകുടി ഭാഗത്താണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാട്ടാനയെ ചരിഞ്ഞനിലയില് കണ്ടെത്തിയത്.
വൈദ്യുതി ലൈനില് നിന്നു ഷോക്കേറ്റ് ചരിഞ്ഞുവെന്നാണ് നിഗമനം. ജനവാസ മേഖലയില് ഇറങ്ങാറുള്ള ഒറ്റക്കൊമ്പനെയാണ് മരിച്ചനിലയില് കണ്ടെത്തിയത്.
പ്രദേശത്തെ കൃഷി ഭൂമിയിലെ വിളകള് നശിപ്പിരുന്ന ഒറ്റക്കൊമ്പന് ആണിത്. നേര്യമംഗലം റേഞ്ചിലെ വനപാലകര് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള് നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ആനയുടെ പോസ്റ്റ്മോര്ട്ടത്തിന് ശേഷമേ ശരിയായ മരണകാരണം വ്യക്തമാവുകയുള്ളു.
Kerala
പാലക്കാട്: അട്ടപ്പാടിയില് അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ധോണി ആന പരിപാലന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ചരിഞ്ഞു. അബ്ബന്നൂരില് പാറയിടുക്കില് കുടുങ്ങിയ നിലയില് കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്.
ഏപ്രിൽ 14ന് ആയിരുന്നു ജനിച്ച് മണിക്കൂറുകള് മാത്രം പ്രായമുളള ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര് പാറക്കെട്ടിനിടയില് കുടുങ്ങിയ നിലയില് കണ്ടെത്തിയത്. പിന്നാലെ പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയിരുന്നു.
തുടർന്ന് താത്കാലിക താവളം ഒരുക്കി സംരക്ഷണം നല്കുകയായിരുന്നു. തിരികെ കൊണ്ടുപോകാന് ആനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു താത്കാലിക സംരക്ഷണ കേന്ദ്രം ഒരുക്കി കുട്ടിയാനയെ വനത്തിൽ തന്നെ പാർപ്പിച്ചത്.
തുടർന്ന് ആനക്കൂട്ടം തിരികെ വരാതായതോടെ ഒരാഴ്ച മുന്പാണ് കുട്ടിയാനയെ ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. പോസ്റ്റ്മോര്ട്ടത്തിന് ശേഷം ജഡം സംസ്കരിച്ചു.
Kerala
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ കാട്ടാന നെഞ്ചിൽ കമ്പി തുളഞ്ഞു കയറി ചരിഞ്ഞു. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിലാണ് സംഭവം.
ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ചു. ഇതോടെ, അക്രമാസക്തയായ കൂട്ടത്തിലെ പിടിയാന ജീവനക്കാർക്ക് നേരെ പാഞ്ഞടുത്തു. സമീപത്തെ വീട്ടിൽ കയറിയാണ് വനം വകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്.
അതിനിടെ, അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാർ ഷെഡ് തകർത്തു. ഇതിനിടെ ഷെഡിന്റെ ഇരുമ്പ് തൂണ് ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കോടെ തോട്ടത്തിലേക്ക് കയറിയ ആനയെ രാവിലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
National
സുള്ള്യ: സുള്ള്യയിൽ കേരള അതിർത്തിക്കു സമീപമുള്ള ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ കർണാടക വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി കാടുകയറ്റി.
കഴിഞ്ഞദിവസം രാത്രിയാണ് 20 വയസ് തോന്നിക്കുന്ന കാട്ടാന വനാതിർത്തിക്കു സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ വെള്ളം ഏതാണ്ട് വറ്റിയ നിലയിലായിരുന്നു. രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനയെ കരകയറ്റിയത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനയ്ക്ക് കരകയറാൻ വഴിയൊരുക്കിയത്. കരയിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇവിടെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. വി. കരികാലൻ, ഡെപ്യൂട്ടി കൺസർവേറ്റർ അന്തോണി മാരിയപ്പ, അസി. കൺസർവേറ്റർ പ്രശാന്ത് കുമാർ പൈ, സുബ്ബയ്യ നായ്ക്, ബി.എം. കിരൺ, വിമൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
Kerala
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും കുടിൽ തകർത്തു. വീട്ടിൽ അന്തിയുറങ്ങിയ മൂന്നു പേർ ആനയുടെ പിടിയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒമ്പത് പൂക്കുണ്ടിലെ ഓമന ബാബുവിന്റെ പുരയിടത്തിലെ ഷെഡ് ആണ് ആന തകർത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.45 ഓടെയായിരുന്നു ആനയുടെ ആക്രമണം.
ശബ്ദംകേട്ട് വളർത്തുനായ കുരച്ച് ബഹളം വച്ചതോടെ ഓടിയടുത്ത ആന കുടിലിനു നേരേ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെ വീട്ടുകാര് ഉണർന്നു. കുടിലിന് പിറകുവശം തകർക്കുന്നതിനിടയിൽ ഷെഡിലെ താമസക്കാരായ അമ്മിണിയും മറ്റ് കുടുംബാംഗങ്ങളും മുൻഭാഗത്തുകൂടി പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഓമനയുടെ ബന്ധുക്കളായ അമ്മിണി, മഹേഷ്, അമ്മു എന്നിവരാണ് ഷെഡിൽ ഉണ്ടായിരുന്നത്.
അമ്മിണിക്ക് ഒമ്പതാം ബ്ലോക്കിൽ സ്വന്തമായി സ്ഥലവും വീടും ഉണ്ടെങ്കിലും കാട്ടാനശല്യം രൂക്ഷമാണ്. സമീപ വീടുകളിൽ താമസക്കാർ ഇല്ലാതായതോടെ മേഖലയിൽ തനിച്ചായ അമ്മിണി ബന്ധുവായ ഓമന ബാബുവിന്റെ പുരയിടത്തിൽ കുടിൽ കെട്ടി കഴിയുകയായിരുന്നു.
അപകടകരമായ സാഹചര്യത്തിൽ കഴിയുന്ന നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള നടപടിയും ഉണ്ടായിട്ടില്ല. 15 ജീവിതങ്ങൾ കാട്ടാനയ്ക്ക് മുന്നിൽ പൊലിഞ്ഞ പുനരധിവാസ മേഖലയിൽ ഒരു വർഷത്തിനിടെ പത്താമത്തെ കുടിലാണ് കാട്ടാന തകർക്കുന്നത്.
Kerala
സുൽത്താൻ ബത്തേരി: വടക്കനാട്, വള്ളുവാടി മേഖലകളിൽ ആഴ്ചകളോളം ഭീതി പരത്തിയ മുട്ടിക്കൊന്പനെ വനസേന മയക്കുവെടിവച്ച് പിടിച്ച് മുത്തങ്ങയിലെ പന്തിയിലാക്കി. തുന്പിക്കൈക്ക് പരിക്കുള്ള ആനയ്ക്ക് ചികിത്സ തുടങ്ങി.
13 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ താത്തൂർ സെക്ഷനിലെ ഓനച്ചൻ കവലയിലാണ് ആനയിൽ വിജയകരമായി മയക്കുവെടി പ്രയോഗിച്ചത്.
മാർച്ച് നാലിന് വടക്കനാടിൽ യുവകർഷകൻ രജീവ് (37) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായതനുസരിച്ചാണ് പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ആനയെ പിടിച്ചത്.
രാത്രികാലങ്ങളിൽ വൈദ്യുതവേലി തകർത്ത് കൃഷിയിടങ്ങളിലിറങ്ങി നാശം വിതയ്ക്കുന്ന സ്വഭാവക്കാരനാണ് മുട്ടിക്കൊന്പൻ.
വെടിയേറ്റ് മയങ്ങിയ ആനയെ മുത്തങ്ങ പന്തിയിലെ കുംകിയാനകളുടെ സഹായത്തോടെയാണ് വനത്തിന് പുറത്തെത്തിച്ചത്. പിന്നീട് റേഡിയോ കോളർ ഘടിപ്പിച്ചു.
തുന്പിക്കൈയിൽ പരിക്കുള്ളതിനാൽ കാട്ടിൽ സ്വയം ഭക്ഷണം തേടാൻ ബുദ്ധിമുട്ടുമെന്ന് നിരീക്ഷിച്ചാണ് പന്തിയിലെത്തിച്ച് ചികിത്സിക്കാൻ തീരുമാനിച്ചത്.
പരിക്ക് ഭേദമാകുന്നതുവരെ ആനയെ മുത്തങ്ങ ക്യാന്പിൽ പരിചരിക്കും. പിന്നീട് ഉൾക്കാട്ടിൽ തുറന്നുവിടാനാണ് പദ്ധതി.
Kerala
കൽപറ്റ: വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിയ കാട്ടാന മുട്ടിക്കൊമ്പനെ 13 ദിവസത്തെ ദൗത്യത്തിനൊടുവിൽ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. ‘താത്തൂർ ടസ്കർ 1’ എന്ന് വനംവകുപ്പ് രേഖകളിൽ പേരു നൽകിയ കാട്ടാനയെയാണ് പിടികൂടിയത്.
ഇന്നു പുലർച്ചെ ആരംഭിച്ച ദൗത്യത്തിനിടെ താത്തൂർ സെക്ഷനിൽ ഓനച്ചൻ കവലയിൽ വച്ചാണ് ആനയെ മയക്കുവെടി വച്ചത്. കുങ്കിയാനകളുടെ സഹായത്തിൽ മുട്ടിക്കൊമ്പനെ ലോറിയിൽ കയറ്റി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കും.
ആനയെ പിടികൂടാൻ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, ബയോളജിസ്റ്റ് വിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ എൺപത് അംഗ വനംവകുപ്പ് സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. കൂടാതെ, മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണൻ, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും പ്രദേശത്ത് നിയോഗിച്ചിരുന്നു.
മാർച്ച് നാലിന് ബത്തേരി വടക്കനാടിൽ ഈ കാട്ടാനയുടെ ആക്രമണത്തിൽ യുവകർഷകൻ പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ആനയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.